കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന ശാഠ്യം ഉപേക്ഷിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. രണ്ടു വർഷത്തിനുശേഷമാണ് അദ്ദേഹം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത്. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് പെട്ടെന്ന് ഡൽഹിയിലെത്തേണ്ട സാഹചര്യം വന്നു. ഇതോടെ യാത്രയ്ക്ക് ഇൻഡിഗോ വിമാനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ആയിരുന്നു കരിപ്പൂരിൽ നിന്നും അദ്ദേഹത്തിൻറെ ഫ്ലൈറ്റ്. 2022 ജൂലൈ 13 ആയിരുന്നു ഇൻഡിഗോ ബിഹിഷ്കരണത്തിന് കാരണമായ വിവാദ സംഭവങ്ങൾ അരങ്ങേറുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജൻ തടയാൻ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്. ഇത് തിരുവനന്തപുരത്തേക്കുള്ള ഇപിയുടെ യാത്രയെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ദേഭാരത് സർവ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര സുഗമമായത്. വന്ദേഭാരതിന്റെ ഗുണങ്ങളെക്കുറിച്ചും ഇപി വാചാലനായിരുന്നു. എന്നാൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ബഹിഷ്കരണം തുടരുകയായിരുന്നു.
എയർ ഇന്ത്യ വന്നതോടെ യാത്ര അതിലായിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ വിയോഗം വരുന്നതും ദില്ലിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും. ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്; ‘ഏറ്റവും കൂടുതൽ ഇൻഡിഗോയിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവർക്ക് നേരെ നടപടിയെടുക്കാനല്ല താൽപ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ താൻ കയറില്ല. മാന്യമായി സർവ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലേ പോകൂ.’ എന്നാൽ രണ്ടു വർഷത്തിന് ശേഷം പിണക്കം മറന്ന് ഇൻഡിഗോ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇപി ജയരാജൻ.