ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാന നഗരം ഇനി ‘ശ്രീ വിജയപുരം’: പേര് മാറ്റം പ്രഖ്യാപിച്ച് അമിത് ഷാ


ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോർട്ട് ബ്ലെയറിന്റെ പേര് മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’ എന്ന പേരിലറിയപ്പെടും.

കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോർട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെനും പുതിയ പേരായ ശ്രീ വിജയപുരം സ്വാതന്ത്ര്യസമരത്തില്‍ നേടിയ വിജയത്തെയും അതില്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നെന്ന് അമിത് ഷാ പറഞ്ഞു.

read also: തിരുമല ക്ഷേത്ര സന്ദർശനം നടത്തിയവർ സഞ്ചരിച്ച ബസ് ലോറികളില്‍ ഇടിച്ച്‌ അപകടം: എട്ട് മരണം; 30 പേര്‍ക്ക് പരിക്ക്

‘നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനോന്മുഖവുമായ അഭിലാഷങ്ങളുടെ നിർണായക അടിത്തറയായി നിലകൊള്ളുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് നമ്മുടെ ത്രിവർണ്ണ പതാകയുടെ ആദ്യ അനാവരണം നടത്തിയതും വീർ സവർക്കർ ജിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണ്’, അമിത് ഷാ എക്സില്‍ കുറിച്ചു.