ദേശീയപാതയില്‍ തല അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം, ശരീരത്തില്‍ വസ്ത്രങ്ങളില്ല


കാണ്‍പൂര്‍: ദേശീയ പാതയില്‍ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. നഗ്‌നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതായാണ് സംശയം. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവതിയെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

യുവതിയെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍, യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികള്‍ ഇല്ലെന്നത് പൊലീസിന് വെല്ലുവിളിയാകുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 3 കിലോ മീറ്റര്‍ അകലെയുള്ള ഒരു സിസിടിവിയിലെ ദൃശ്യങ്ങളില്‍ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയില്‍ നിന്ന് കണ്ടെത്തിയ ചെരിപ്പിന്റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് ഈ യുവതി ധരിച്ചിരിക്കുന്നത്. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മരണ കാരണം കണ്ടെത്താനായി യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തുകയും മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി.