രാജ്യമൊട്ടാകെ 117 ഏജന്റുമാർ, വിദേശത്തു നിന്ന് പോലും യുവതികളെ എത്തിക്കും! പെൺവാണിഭത്തിന് അറസ്റ്റിലായത് സിക്കന്ദർബാഷ
കോയമ്പത്തൂര്‍: കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ നേതാവ് തേനി കമ്പംസ്വദേശി ബാഷ (സിക്കന്ദര്‍ബാഷ-38) കഴിഞ്ഞ ബുധനാഴ്ച പോലീസ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ക്കേസുകളുണ്ടെന്ന് പോലീസ്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിദേശത്തുനിന്നും സ്ത്രീകളെ കൊണ്ടുവരികയും അവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും അയയ്ക്കുകയും വഴി ലക്ഷക്കണക്കിനുരൂപയാണ് പ്രതിമാസം ഇയാൾ സമ്പാദിച്ചിരുന്നത്.
സിക്കന്ദര്‍ബാഷയും സംഘവും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, കോയമ്പത്തൂര്‍നഗരത്തിലെ എട്ട് ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഡി.സി.പി. ആര്‍. സ്റ്റാലിന്‍ പറഞ്ഞു. ഇയാളുടെ ഒരു പ്രധാന സഹായിയും 20-ഓളം ക്രിമിനല്‍ക്കേസുകളിലെ പ്രതിയുമായ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി എസ്. സ്റ്റീഫനെ (32) പിടിച്ചുപറിക്കേസില്‍ കോയമ്പത്തൂര്‍ പോലീസ് പിടിച്ചിരുന്നു. സ്റ്റീഫനെക്കൂടാതെ കോയമ്പത്തൂര്‍ ഉള്‍പ്പെടെ പല ജില്ലകളിലും ഇടപാടുകാരും ഗുണ്ടാസംഘങ്ങളും ഇയാള്‍ക്കുണ്ടെന്നും ഇയാളുടെയും കൂട്ടാളികളുടെയുമെല്ലാം അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു.
സെക്‌സ് റാക്കറ്റ് സംഘത്തില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യ, ഇന്‍ഡൊനീഷ്യ തുടങ്ങി വിവിധരാജ്യങ്ങളില്‍നിന്നുള്ള 15 യുവതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി ഡി.സി.പി. അറിയിച്ചു. ഇവര്‍ വിവിധ ഹോട്ടലുകളില്‍ താമസിക്കുകയായിരുന്നു. പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് രാജ്യത്തൊട്ടാകെ 117 ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതിനായി നിരവധി സാമൂഹികമാധ്യമ ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്. കോയമ്പത്തൂര്‍ നഗരത്തിലെ സ്റ്റാര്‍ഹോട്ടലുകളില്‍ ഉള്‍പ്പെടെയാണ് വിദേശത്തുനിന്നുള്ള പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. നാലുവര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.