ബലാത്സംഗത്തിനിരയായ 12കാരി ഗര്‍ഭിണിയായി, പ്രതിയുടെ അയോധ്യയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചു നിരത്തി ജില്ലാ ഭരണകൂടം


അയോധ്യ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദര്‍സ പട്ടണത്തില്‍ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരന്‍ രാജു ഖാനെയും പീഡനക്കേസില്‍ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കെട്ടിടം തകര്‍ത്തത്.

രണ്ടു മാസം മുന്‍പ് പന്ത്രണ്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണു കേസ്. ഷോപ്പിംഗ് കോംപ്ലക്‌സ് അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി, 4 മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണു കെട്ടിടം പൊളിച്ചത്. 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മൂല്യം 3 കോടി വരുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 8 വര്‍ഷം മുന്‍പ് നിര്‍മിച്ചതാണിത്.

അയോധ്യയിലെ എസ്പി നേതാവും എംപിയുമായ അവ്ദേശ് പ്രസാദുമായി മൊയ്ത് ഖാന് അടുപ്പമുണ്ട്. മൂന്നാഴ്ച മുന്‍പ്, മൊയ്ത് ഖാന്റെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്നു പറഞ്ഞു പൊളിച്ചിരുന്നു. സംസ്ഥാന നിയമസഭയില്‍ ഈ പീഡനക്കേസിനെപ്പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചിരുന്നു. പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തി. 25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെണ്‍കുട്ടി കഴിയുന്നത്.