വനിതാ ഡോക്ടറുടെ കൊലപാതകം: ബംഗാളില്‍ ഇന്ന് 12 മണിക്കൂർ ബന്ദ്: സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷം


കൊൽക്കത്ത: ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 12 മണിക്കൂർ ബന്ദിന് ആഹ്വാനം എസ് യുസി ഐ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ). പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകരും മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.

സംഭവത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മൂന്ന് സഹപാഠികളടക്കം അഞ്ച് ഡോക്ടർമാരുടെ മൊഴിയെടുത്തു. അതിക്രമം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തി. കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ ഇന്ന് ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെടും. കെജിഎംഒഎ നേതൃത്വത്തിലാണ് പ്രതിഷേധം.

നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ മൃതദേഹം അർധന​ഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്. പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു. കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തം വന്നിട്ടുണ്ട്. മുഖത്തും വിരലുകളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിരവിരൽ, ചുണ്ട് എന്നീ ഭാ​ഗങ്ങളിലും പരിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.