നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു തുടക്കമാകും. പൂയം തൊഴൽ 31ന് വൈകിട്ട് 5നു നടക്കും. നവംബർ 01 വ്യാഴാഴ്ചയാണ് ഇക്കൊല്ലത്തെ മണ്ണാറശാല ആയില്യം.ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. സന്താനഭാഗ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്.
വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന ദമ്പതികള്‍ക്കു ഓട്ടുരുളി ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയിൽ സമർപ്പിക്കണം . തുടര്‍ന്ന് ദമ്പതികള്‍ ഇല്ലത്തു ചെന്ന് അമ്മയെ ദര്‍ശിച്ച് ഭസ്മം വാങ്ങി അനുഗ്രഹം തേടണം. നടയ്ക്കു വച്ച ഉരുളി പിന്നീട് അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം. സ്‌ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . ‘മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്.
പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മ യാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ. മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. ഉച്ചപൂജയ്ക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.