തൃശ്ശൂർ: നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നൊരു പാപ്പാനും. തൃശ്ശൂർ ശങ്കരംകുളങ്ങര ദേവസ്വത്തിലെ പാപ്പാനായ മലമക്കാവ് കണ്ണംകുഴി വീട്ടിൽ ബാലകൃഷ്ണനാണ് ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത് കെയർ ആൻഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പ്രോജക്ട് എലിഫന്റിന്റെ ഭാഗമായുള്ള കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക പാപ്പാനാണ് ശങ്കരംകുളങ്ങര ഉദയന്റെ പാപ്പാനായ ബാലകൃഷ്ണൻ.
വിദഗ്‌ധർ ഉൾപ്പെടെ 10 അംഗങ്ങളാണ് ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത് കെയർ ആൻഡ് വെൽഫെയർ കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള ഏക പാപ്പാനാണ് ബലാകൃഷ്ണൻ. കേരളത്തിലെ പാപ്പാൻ ഈ കമ്മിറ്റിയിൽ അംഗമാകുന്നതും ആദ്യമായാണ്. പ്രോജക്ട് എലിഫന്റ് ഡയറക്ടർ ചെയർമാനായ കമ്മിറ്റിയിൽ മൂന്ന് പാപ്പാന്മാരാണ് ഉള്ളത്. ബാലകൃഷ്ണനുപുറമെ അസമിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള ഓരോരുത്തരുമുണ്ട്. ആനചികിത്സകരും ഗവേഷകരും അടങ്ങിയതാണ് കമ്മിറ്റി. രണ്ടുവർഷമാണ് കാലാവധി. തൃശ്ശൂരിലെ ആന ചികിത്സകനായ പി.ബി. ഗിരിദാസും ഈ കമ്മിറ്റിയിലുണ്ട്.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളാണ് ബാലകൃഷ്ണൻ ഉൾപ്പെട്ട കമ്മിറ്റിക്കുള്ളത്. നാട്ടാന പരിപാലനത്തിനുള്ള പുതിയ പദ്ധതികൾ സർക്കാരിന് മുന്നിൽവയ്ക്കുന്നത് ഇവരാണ്. നാട്ടാനകൾക്കുള്ള പദ്ധതികൾ രൂപവത്കരിക്കുന്നതും ചുമതലയാണ്. നിലവിലെ നാട്ടാനക്ഷേമത്തിനായുള്ള കമ്മിറ്റികളുടെ പ്രവർത്തനം ഇവർ വിലയിരുത്തും. പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ആനകളുടെ ആരോഗ്യനില പരിശോധിക്കുന്നത് ഈ കമ്മിറ്റിയാണ്.