ബെംഗളൂരു: കര്‍ണാടക അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേരെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: അര്‍ജുനെ രക്ഷിക്കാനുള്ള തെരച്ചില്‍ മുടങ്ങിയത് അന്വേഷിക്കും:സുരേഷ് ഗോപി
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം മലയാളിയായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായിട്ടില്ല.