ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ചോര്‍ന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്രവും സിബിഐയും അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എതിര്‍ കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാല്‍പതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഉച്ചവരെ മാത്രമേ കോടതി നടപടികള്‍ ഉണ്ടായുള്ളൂ. ഇതോടെ ആദ്യം നാളേക്കും പിന്നീട് തിങ്കളാഴ്ച്ചത്തേക്കും ഹര്‍ജികള്‍ മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി കേന്ദ്രവും, എന്‍ടിഎയും, സിബിഐയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എതിര്‍കക്ഷികള്‍ മറുപടി നല്‍കണം. നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഝാര്‍ഖണ്ടിലെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.