15 മുറിവുകൾ, ആന്തരിക രക്തസ്രാവം, ദർശനും സംഘവും അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി: പോസ്റ്റ് മോർട്ടം റിപ്പോർട്ട്
ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കന്നഡ നടൻ ദർശനും സംഘവും ഇയാളെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
read also: അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്
രേണുകാ സ്വാമിയുടെ ദേഹത്ത് ഗുരുതരമായ 15 മുറിവുകൾ ഉണ്ട്. ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നതിന്റെ തെളിവാണിത്. രേണുകാസ്വാമിയുടെ തല ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചെന്ന് പ്രതികൾ മൊഴി നൽകി. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏൽപിക്കുകയും വാട്ടർ ഹീറ്ററിന്റെ കോയിൽ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിൽ നിന്ന് 10 മൊബൈൽ ഫോണുകളും 30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കുറ്റമേൽക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി പവിത്രയെ മോശമാക്കി ഒരു കമന്റ് പങ്കുവച്ചിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.