ഹിജാബോ ബുര്‍ഖയോ ധരിച്ചവര്‍ക്ക് ക്ലാസില്‍ പ്രവേശനമില്ല: കോളേജിനെതിരെ ഹര്‍ജിയുമായി 9 വിദ്യാര്‍ത്ഥിനികള്‍



മുംബൈ: ഹിജാബ് നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതില്‍ ഹര്‍ജി. മുംബൈയിലെ എന്‍ജി ആചാര്യ കോളേജിനെതിരെ 9 വിദ്യാര്‍ത്ഥിനികളാണ് കോടതിയെ സമീപിച്ചത്. മതപരമായ സൂചനകള്‍ ഉള്ള വസ്ത്രങ്ങള്‍ പാടില്ല എന്നായിരുന്നു കോളേജ് അധികൃതരുടെ നിര്‍ദ്ദേശം.

Read Also: എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ കാറില്‍ സഞ്ചരിക്കാമെന്നല്ലാതെ ആരോഗ്യമന്ത്രിക്ക് അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ല

ഹിജാബോ ബുര്‍ഖയോ ധരിച്ച് വരുന്നവര്‍ വസ്ത്രം മാറ്റിയേ ക്ലാസിലേക്ക് പ്രവേശിക്കാവൂ എന്ന തീരുമാനം ഈ അധ്യയന വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വിദ്യാര്‍ത്ഥിനികളെ അറിയിക്കുകയായിരുന്നു. മൗലികാവകാശത്തെയും മത പരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് സര്‍ക്കുലര്‍ എന്ന് സൂചിപ്പിച്ചാണ് ഹര്‍ജി. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.

മുംബൈയിലെ ഗോവണ്ടിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ക്ലാസ് മുറികളില്‍ ബുര്‍ഖയോ ഹിജാബോ ധരിക്കരുതെന്ന കോളേജ് അധികൃതരുടെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. വിഷയത്തില്‍ മെയ് 13ന് വിദ്യാര്‍ത്ഥനികള്‍ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായിരുന്നില്ല. ശേഷം മുംബൈ സര്‍വകലാശാലയെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെയും വിദ്യാര്‍ത്ഥിനികള്‍ സമീപിച്ചു. ഇതിലും പ്രതികരണമുണ്ടായില്ല.