പത്ത് വർഷത്തിനിടെ ഇത്രത്തോളം അഭിമുഖങ്ങൾ ഇതാദ്യം: പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് നൽകിയത് എണ്‍പതോളം അഭിമുഖങ്ങൾ
ന്യൂഡൽഹി: ഈ ലോക്സഭാ തെരഞ്ഞടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത് എൺപതോളം അഭിമുഖങ്ങൾ. മോദി വാർത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമർശനമായിരുന്നു പ്രധാനമായും കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിച്ചിരുന്നത്. പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഇത്രത്തോളം അഭിമുഖങ്ങൾ മോദി മാധ്യമങ്ങൾക്ക് നല്‍കുന്നത്. ഇതോടെ പ്രതിപക്ഷത്തിന്റെ വായ അടഞ്ഞിരിക്കുകയാണ്.
വാർത്താചാനലുകള്‍ക്കും ദിനപത്രങ്ങള്‍ക്കുമായി എണ്‍പതോളം അഭിമുഖങ്ങളാണ് മൂന്ന് മാസം നീണ്ട തെരഞ്ഞെടുപ്പില്‍ മോദി നല്‍കിയത്. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്. മാധ്യമപ്രവർത്തകനായ രവീഷ് കുമാർ, യൂട്യൂബർ ധ്രുവ് റാഠി അടക്കമുള്ളവരുടെ ബിജെപിക്കെതിരായ വീഡിയോകളും പ്രതിപക്ഷ പ്രചാരണത്തിന് ഉപയോഗിച്ചു.
ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ അതാത് പ്രാദേശിക മാധ്യമങ്ങള്‍ക്കായിരുന്നു പ്രധാനമന്ത്രി അഭിമുഖം നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ക്കായിരുന്നു അഭിമുഖങ്ങള്‍. പ്രചാരണത്തിനൊപ്പം വാർത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമർശനം കൂടി മറികടക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം. എന്നാൽ അഭിമുഖങ്ങളും നാടകമാണെന്ന് പ്രതിപക്ഷം തുടക്കത്തിൽ വിമർശിച്ചു.
പരമ്പരാഗത മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കി ആയിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രചാരണം. അഭിമുഖങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുനിന്നു. പകരം രാഹുലിന്‍റെയും ഖാർഗെയുടെയും പ്രിയങ്കയുടെയും എല്ലാം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മാധ്യമ പ്രവർത്തകരായ രവീഷ് കുമാർ, അജിത്ത് അൻജും, യൂട്യൂബർ ധ്രുവ് റാഠി എന്നിവരുടെ സർക്കാരിനെ കടന്നാക്രമിക്കുന്ന വീഡിയോകളും പ്രതിപക്ഷത്തിന് സഹായകരമായി.
യോഗേന്ദ്ര യാദവിൻ്റെ വിലയിരുത്തലും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമ ടീമിനെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമാക്കി. ധ്രുവ് റാഠിയുടെ വീഡിയോകള്‍ യുവാക്കള്‍ക്കിടയില്‍ വൈറാലാകുന്നതും സ്വാധീനം ചെലുത്തുന്നതും തെരഞ്ഞെടുപ്പിലെ അഭിപ്രായ രൂപികരണത്തിന് സഹായകരമായി എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നുണ്ട്.