ഡല്‍ഹിയില്‍ ഉഷ്ണതരംഗം, മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: താപനില 50 ഡിഗ്രിയോട് അടുത്ത്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനുഭലപ്പെട്ട കനത്ത ചൂടില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡല്‍ഹിയില്‍ മരിച്ചത്. കനത്ത ചൂടില്‍ രണ്ട് ദിവസം പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

പരിശീലനത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ദാരുണാന്ത്യം. കൊടും ചൂടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

അതേസമയം, ഉത്തരേന്ത്യ ഉഷ്ണതരംഗ ഭീതിയിലാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രേദശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം നിലനില്‍ക്കുന്നത്. രാജ്യത്തെ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്ത് വര്‍ദ്ധിക്കുകയാണ്. ഏപ്രിലില്‍ തുടര്‍ച്ചയായ 11-ാം മാസമാണ് റെക്കോര്‍ഡ് താപനില.