കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ചത് വീടിനുള്ളിൽ നിന്നും എടുത്തുകൊണ്ടുപോയി: സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാസർഗോഡ് : കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ കുടക് നാപ്പോകുവിലെ പിഎ സലീമിനെയാണ് അറസ്റ്റ് ചെയ്തത്.
മോഷണം ലക്ഷ്യമിട്ടാണ് വീട്ടിൽ കയറിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ കമ്മൽ മോഷ്ടിക്കുന്നതിനിടെ ഉണരുമെന്ന് കരുതിയാണ് പുറത്തേക്ക് എടുത്തുകൊണ്ടു പോയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഉണർന്ന് ബഹളംവച്ച കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലർച്ചെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഒരു വർഷത്തിലേറെ നാളായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.കുടകിൽ എത്തുമ്പോൾ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.