കൈക്കൂലി പണം ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു, മദ്യനയ അഴിമതി കേസിൽ ആപ്പിനെ പ്രതിചേര്‍ക്കും- ഇഡി
ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി പ്രതി ചേര്‍ക്കുമെന്ന് ഇഡി കോടതിയില്‍. അധിക കുറ്റപത്രമനുസരിച്ച് എഎപിയെ പ്രതിചേര്‍ക്കുമെന്ന് ദില്ലി ഹൈക്കോടതിയിലാണ് ഇഡി നിലപാട് അറിയിച്ചത്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇഡിയുടെ നിലപാട്. കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കരുതെന്നും മദ്യനയ അഴിമതി കേസിനെ സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ പാടില്ലെന്നുമുള്ള കര്‍ശന ഉപാധിയോടെയാണ് അദ്ദേഹത്തിന് ജാമ്യ അനുവദിച്ചത്.ഇതിനിടെയാണ് മനിഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം നടന്നത്. ജാമ്യപേക്ഷയെ എതിര്‍ത്താണ് ഇഡി കോടതിയില്‍ നിലപാട് വിശദീകരിച്ചത്.
വിചാരണ കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നടപടികളിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണയും മനീഷ് സിസോദിയ ജാമ്യ ഹര്‍ജി നല്‍കിയത്.
ഡല്‍ഹിയിലെ മദ്യനയം പരിഷ്‌ക്കരിക്കുമ്പോള്‍ ക്രമക്കേടുകള്‍ നടന്നതായും ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കുകയും അതിന് വേണ്ടി വാങ്ങിയ കൈക്കൂലി പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നുമാണ് ഇഡിയുടെ വാദം.
അതിനാല്‍ അധിക കുറ്റപത്രമനുസരിച്ച് എഎപിയെ പ്രതിചേര്‍ക്കുമെന്നാണ് ഇപ്പോള്‍ ഇഡിയെ കോടതിയെ അറിയിച്ചത്. ഇഡിയുടെ പല വാദങ്ങളേയും തള്ളിയാണ് സപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നത്.