ചെന്നൈ: എല്‍ടിടിഇയെ നിരോധിച്ചത് കേന്ദ്ര സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് ലഹരി -ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്.
എല്‍ടിടിഇയെ തടയിട്ടില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 1991ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എല്‍ടിടിഇയെ നിരോധിച്ചത്.