ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി


അജ്മീര്‍: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂര്‍ത്തിയാവാത്ത മദ്രസ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിര്‍ ആണ് കൊല്ലപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്ത ആറ് വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തെന്നും അജ്മീര്‍ പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ അവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ മാഹിര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മസ്ജിദിലാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് എല്ലാ വിദ്യാര്‍ത്ഥികളും നല്‍കിയ മൊഴി.

എന്നാല്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാഹിര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. പീഡനം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ മാഹിറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ കയറിട്ടാണ് ഇമാമിനെ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.