ന്യൂഡല്‍ഹി: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ 2025 ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. 2025 ഫെബ്രുവരി 15 മുതല്‍ പരീക്ഷകള്‍ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചതായി സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ പറഞ്ഞു.
ഈ വര്‍ഷം 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 നായിരുന്നു ആരംഭിച്ചത്. 10-ാം ക്ലാസിലെ പരീക്ഷ യഥാക്രമം 28 ദിവസത്തിനുള്ളിലും പ്ലസ്ടു പരീക്ഷ 47 ദിവസത്തിനുള്ളിലുമാണ് അവസാനിച്ചത്.
അതേസമയം 10,12 ക്ലാസുകളിലെ ഈ വര്‍ഷത്തെ പരീക്ഷാ ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചു.
സിബിഎസ്ഇ പ്ലസ്ടുവിന് ഇത്തവണ 87.98 ശതമാനമാണ് വിജയം. മേഖലകളില്‍ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയം ശതമാനത്തില്‍ 0.65 ന്റെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പിന്നിലാക്കി. പെണ്‍കുട്ടികളുടെ വിജയശതമാനം 91.52 ശതമാനവും ആണ്‍കുട്ടികളുടേത് 85.12 ശതമാനവുമാണ്.
സിബിഎസ്ഇ പത്താം ക്ലാസ് ഫലവും പുറത്തുവന്നു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കൂടി.
ആണ്‍കുട്ടികളെക്കാള്‍ 2.04 ശതമാനം പോയിന്റ് നേടിയ പെണ്‍കുട്ടികള്‍ 94.75 ശതമാനം പേര്‍ വിജയിച്ചു. 47,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയപ്പോള്‍ 2.12 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി.
മേഖലകളില്‍ മുന്നില്‍ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നില്‍. വിജയ ശതമാനത്തില്‍ മുന്‍പില്‍ പെണ്‍കുട്ടികളാണ്.
cbseresults.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. ഡിജി ലോക്കര്‍ ആപ്പ് വഴിയും ഫലമറിയാം.