ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്: അരവിന്ദ് കെജ്രിവാളിനോട് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. കേസില്‍ പ്രതിയായി ജയിലായിട്ടും മുഖ്യമന്ത്രി കസേര ഒഴിയാന്‍ മടി കാണിച്ച കെജ്രിവാളിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജയിലിലിരുന്നും കെജ്രിവാള്‍ ഡല്‍ഹി ഭരിക്കാന്‍ ശ്രമിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സുപ്രീം കോടതി പരമര്‍ശത്തോടെ ജാമ്യം ലഭിച്ച് പുറത്തുവന്നാലും കെജ്രിവാളിന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പകരക്കാരെ തേടേണ്ടി വരും. മന്ത്രിസഭയിലെ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കുകയായിരിക്കും ചെയ്യുക.

ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുതെന്ന കോടതിയുടെ വ്യവസ്ഥയെ കെജ്രിവാളിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. തെരഞ്ഞെടുപ്പായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെ കുറിച്ച് ആലോചിക്കുന്നതെന്നും അല്ലെങ്കില്‍ അറസ്റ്റിനെതിരായ ഹര്‍ജി പരിഗണിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ബെഞ്ച് അറിയിച്ചു.