നടി അമൃതയുടെ മരണത്തിൽ ​ദുരൂഹതയുണർത്തി വാട്സാപ്പ് സ്റ്റാറ്റസ്: മറ്റാരെയോ കുറിച്ച് സൂചന എന്ന് ആരോപണം


നടി അമൃതാ പാണ്ഡേയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ഈ മാസം 27നാണ് താരത്തെ ബീഹാറിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തന്റെ മുറിയിലെ സീലിം​ഗ് ഫാനിൽ സാരി ഉപയോ​ഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം, മരിക്കുന്നതിന് അല്പസമയംമുമ്പ് നടി വാട്‌സാപ്പ്‌ സ്റ്റാറ്റസ് ആയി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.

അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്. സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. താരത്തിന് വിഷാദരോ​ഗമുണ്ടായിരുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ആദംപുർ ഷിപ്പ് ഘാട്ടിലെ അപ്പാർട്ട്മെന്റിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27-ന് ഉച്ചയ്ക്ക് അമൃതയുടെ സഹോദരി ഉച്ചയ്ക്ക് മൂന്നരയായപ്പോൾ നടിയുടെ മുറിയിലേക്ക് വന്നപ്പോളാണ് നടിയെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കണ്ടത്. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി വരികയാണ്.

പ്രതിശോധ് എന്ന വെബ്സീരീസിലാണ് അമൃതാ പാണ്ഡേ ഒടുവിൽ അഭിനയിച്ചത്. അനിമേഷൻ എഞ്ചിനീയറായ ചന്ദ്രമണി ഝം​ഗാദ് ആണ് അമൃതയുടെ ഭർത്താവ്. 2022-ലായിരുന്നു ഇവരുടെ വിവാഹം.