ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോദി നിശബ്ദന്‍, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊട്ടിക്കരയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്നും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പ്രചാരണ വേദിയില്‍ പൊട്ടിക്കരയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രധാനമന്ത്രി നിശബ്ദനാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കര്‍ണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിച്ചത്.
അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്ര മോദിയുടേത്. കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു.