മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു



മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകളായ അർച്ചന പാട്ടീൽ ചകുർക്കർ ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി അംഗത്വം എടുത്തത്. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കാര്യം സ്ഥിരീകരിച്ചു.

കോൺഗ്രസിൻ്റെ മുതിർന്ന നേതാവും ലോക്‌സഭാ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീലിൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ തങ്ങളുടെ പാർട്ടിയിൽ ചേരുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണെന്നും, ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. വെള്ളിയാഴ്ച ഫഡ്‌നാവിസിനെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ എത്തി അർച്ചന കണ്ടിരുന്നു.

അർച്ചന ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ ചെയർപേഴ്സണും ഭർത്താവ് ശൈലേഷ് പാട്ടീൽ ചന്ദൂർക്കർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. അർച്ചനയുടെ ഭാര്യാപിതാവ് ശിവരാജ് പാട്ടീൽ 1991 ജൂലൈ 10 മുതൽ 1996 മെയ് 22 വരെ ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ 2008 വരെ മുൻ പ്രധാനമന്ത്രി മൻമോഹൻ ഭരിച്ചിരുന്ന യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.