കാസർഗോഡ് അടച്ചിട്ട വീട്ടിൽ നിന്നും പിടിച്ചെടുത്തത് 7 കോടിയുടെ 2000 ത്തിന്റെ പിൻവലിച്ച നോട്ടുകള്‍


കാസര്‍ഗോഡ് : അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വീട്ടില്‍ നിന്ന് 7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അബ്ദുള്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീടാണിത്. ഇയാളെ പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചത്.

ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. കര്‍ണാടക സ്വദേശിയാണ് പിന്നിലെന്നാണ് സംശയം. അബ്ദുള്‍ റസാഖ് അടുത്ത കാലത്താണ് അമ്പലത്തറയില്‍ താമസത്തിനെത്തിയതെന്നും ഇയാള്‍ പുത്തന്‍പണക്കാരനണെന്നും അയല്‍വാസികള്‍ പറയുന്നു.