ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം വിജയം കണ്ടതോടെ മലയാളികൾക്കും അഭിമാനിക്കാം. അഗ്നി-5 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് ഒരു മലയാളി വനിതയാണ്. തിരുവനന്തപുരം സ്വദേശിനിയായ ഷീന റാണിയാണ് ‘മിഷൻ ദിവ്യാസ്ത്ര’ എന്ന പേരിലുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഷീന റാണി.ഒന്നിലധികം ആയുധങ്ങൾ വിന്യസിക്കാൻ ശേഷിയുള്ള മിസൈലാണ് അഗ്നി -5. 5000 കിലോമീറ്റർ ആണ് പരിധി. ‘മൾട്ടിപ്പ്ൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മിസൈൽ പരീക്ഷിച്ചത്. ഒരേസമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെൽപുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്നി മിസൈൽ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
അഗ്നി മിസൈൽ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതൽ പ്രവർത്തിക്കുന്ന ഷീന, നിലവിൽ ഡിആർഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ശാസ്ത്രജ്ഞയാണ്. തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ 8 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് (സിഇടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം 1998 ൽ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായി. അതിനു ശേഷമാണു ഷീന ഡിആർഡിഒയിൽ ചേർന്നത്.