നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം നടന്നില്ല: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു


ചെന്നൈ: രാജീവ് ​ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ശ്രീലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്. എന്നാൽ രോഗത്തെ തുടർന്ന് പോകാൻ സാധിച്ചിരുന്നില്ല. പ്രായമായ മാതാവിനൊപ്പം താമസിക്കാനായി ശ്രീലങ്കിയിലേക്ക് വിടണമെന്ന് ശാന്തൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓ​ഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ നേരത്തെ ശാന്തന് അനുവദിച്ചിരുന്നു.

രാജീവ് ​ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുകാരായ ഏഴുപേരെയും മോചിപ്പിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം 2018 സെപ്റ്റംബറിൽ തമിഴ്‌നാട് മന്ത്രിസഭ പാസാക്കിയിരുന്നു. എന്നാൽ ഗവർണർ തീരുമാനം എടുക്കുന്നതിനുപകരം വിഷയം നേരിട്ട് കേന്ദ്രത്തിന് വിട്ടുകയായിരുന്നു.

രാഷ്ട്രപതിയോടുള്ള അഭ്യർത്ഥന പ്രകാരം ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് 2022 നവംബർ 11ന് സുപ്രീം കോടതി ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. അതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായിരുന്നു. എന്നാൽ തിരുച്ചി സ്‌പെഷ്യൽ ക്യാമ്പിൽ കഴിയുന്ന ശ്രീലങ്കൻ പൗരൻമാരായ റോബർട്ട് പയസും ജയകുമാറും ജീവന് ഭീഷണിയുള്ളതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.