‘തമിഴ്‌നാട്ടിൽ വംശീയ രാഷ്ട്രീയം അകറ്റി നിർത്തിയത് അവർ’: സർപ്രൈസ്‌ വിസിറ്റിൽ ഈ രണ്ട് നേതാക്കളെ പുകഴ്ത്തി പ്രധാനമന്ത്രി


തിരുപ്പുര്‍ (തമിഴ്‌നാട്): പതിറ്റാണ്ടുകളായി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി. അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെയെയും കോൺഗ്രസിനെയും കീറിമുറിച്ച് നടത്തിയ തന്റെ പ്രസംഗത്തിൽ, എഐഎഡിഎംകെ നേതാക്കളായ എം ജി രാമചന്ദ്രനെയും ജെ ജയലളിതയെയും പുകഴ്ത്താനും പ്രധാനമന്ത്രി മറന്നില്ല. തമിഴ്‌നാട്ടിൽ “വംശീയ രാഷ്ട്രീയം” അകറ്റിനിർത്തിയതിന് എം.ജി.ആറിനെയും ജയലളിതയേയും മോദി പ്രശംസിച്ചു.

സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയിട്ടില്ലെങ്കിലും തമിഴ്നാട് എന്നും ബി.ജെ.പിയുടെ ഹൃദയത്തിലുണ്ടായിരുന്നു. ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്ര 2024-ല്‍ തമിഴ്‌നാട് സാക്ഷിയാകാന്‍ പോകുന്ന ചരിത്ര സംഭവങ്ങളുടെ തുടക്കമാകുമെന്നും മോദി പറഞ്ഞു. അതേസമയം, ഏഴ് മാസത്തിനുള്ളിൽ 234 നിയമസഭാ മണ്ഡലങ്ങളിലും എൻ മൻ, എൻ മക്കൾ യാത്രയിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആത്മവിശ്വാസം നേടിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ മോദി അഭിനന്ദിച്ചു. .

തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് യാത്രയ്ക്ക് തിരശ്ശീല വെക്കുന്നതിനായി സംഘടിപ്പിച്ച മെഗാ റാലിയെ അഭിസംബോധന ചെയ്യവെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സംസ്ഥാനത്തിന് വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഡിഎംകെയുടെ പ്രചാരണ ബോർഡിനെതിരെയും പ്രധാനമന്ത്രി ശബ്ദമുയർത്തി. മോദിയുടെ പ്രസംഗം തമിഴ് ഭാഷയോടും അതിൻ്റെ സംസ്‌കാരത്തോടും ജനങ്ങളോടുമുള്ള സ്നേഹം ഉയർത്തികാട്ടുന്നതായിരുന്നു.