ചെന്നൈ: തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനും നടനുമായ കമൽഹാസൻ. രാഷ്ട്രത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുകയും ജന്മിത്വ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന ഏതൊരു സഖ്യത്തേയും എംഎൻഎം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യസാധ്യതകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന എംഎൻഎമ്മിന്റെ ഏഴാം വാർഷികാഘോഷങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എംഎൻഎം ചേർന്നുപ്രവർത്തിക്കുക കക്ഷിരാഷ്ട്രീയത്തിനുപരിയായി രാഷ്ട്രത്തിന്റെ നേട്ടത്തെ കുറിച്ച് ചിന്തിക്കുന്ന സഖ്യത്തോടൊപ്പമായിരിക്കുമെന്ന് ഇന്ത്യസഖ്യത്തിൽ ചേരുന്നതുസംബന്ധിച്ചുള്ള ചോദ്യത്തിന് കമൽഹാസൻ മറുപടി നൽകി. ഇന്ത്യസഖ്യത്തിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ശുഭവാർത്ത ഉണ്ടാകുന്ന മുറയ്ക്ക് മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും കമൽഹാസൻ വിശദമാക്കി. നടൻ വിജയുടെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.