ലക്ഷദ്വീപ്: ടൂറിസം രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ലക്ഷദ്വീപ്. 3600 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷദ്വീപിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്. ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളടക്കം വികസിപ്പിക്കുന്നതിനായി ഈ തുക വിനിയോഗിക്കുന്നതാണ്. അധികം വൈകാതെ തന്നെ ലക്ഷദ്വീപിനെ ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. ഇതിനോടനുബന്ധിച്ച് കവരത്തി, അഗത്തി, ആൻഡ്രോത്ത്, കടമത്ത്, കൽപേനി തുടങ്ങിയ ദ്വീപുകൾ നവീകരിക്കും.
ലക്ഷദ്വീപിൽ തുറമുഖങ്ങളും, വിമാന സൗകര്യങ്ങളും വികസിപ്പിക്കുന്നതാണ്. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷദ്വീപിനെ നവീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ പദ്ധതിയിൽ നിന്നാണ് വികസനത്തിനുള്ള തുകയും വകയിരുത്തുക. നിലവിൽ, ലക്ഷദ്വീപിന്റെ ഉന്നമനത്തിനായി 13 പദ്ധതികളാണ് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറുന്നതാണ്.
കടമത്ത് ദ്വീപിൽ 1034 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സാധ്യത. ഈ ഫണ്ട് തുറമുഖ, ബീച്ച് വികസനത്തിൽ നിക്ഷേപിക്കുന്നതാണ്. കൽപേനിക്ക് 804 കോടി രൂപയും, ആൻഡ്രോത്തിന് 764 കോടി രൂപയും അനുവദിക്കും. ഇതിന് പുറമേ, മിനിക്കോയി, കവരത്തി തുടങ്ങിയ ദ്വീപുകളുടെ വികസനത്തിനായും തുക അനുവദിച്ചിട്ടുണ്ട്.