14 വയസുകാരന് അഡൽറ്റ് സിനിമകളോട് ആസക്തി: മകനെ വിഷം കൊടുത്തു കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി പിതാവ്


മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സോലാപൂരിൽ 14 വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഫോണിൽ അഡൽറ്റ് ഫിലിമുകൾ കാണുകയും സ്‌കൂളിൽ നിന്ന് പതിവായി പരാതികൾ ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സോലാപൂർ നഗരത്തിൽ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന തയ്യൽക്കാരനായ വിജയ് ബട്ടുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

14 വയസ്സുള്ള മകൻ വിശാലിനെ കൊലപ്പെടുത്തിയ വിവരം ഇയാൾ ആദ്യം ഭാര്യയിൽ നിന്നും പോലീസിൽ നിന്നും മറച്ചുവെച്ചിരുന്നു. ജനുവരി 13 ന് വിജയും ഭാര്യയും മകനെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് ശേഷം, ദമ്പതികളുടെ വീടിന് സമീപമുള്ള അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി.

വിശാലിൻ്റെ ശരീരത്തിൽ സോഡിയം നൈട്രേറ്റ് എന്ന വിഷാംശം കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചു. തുടർന്ന് പോലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്യുകയും വിജയുടെ വീട്ടുകാരെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിജയ് നൽകിയ വിവരങ്ങളിലെ വൈരുദ്ധ്യം പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ജനുവരി 28ന് വിജയ് മകനെ കൊലപ്പെടുത്തിയ കാര്യം ഭാര്യയോട് സമ്മതിച്ചു. വിശാലിൻ്റെ സ്കൂളിൽ നിന്ന് മറ്റ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും മകൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടായിരുന്നില്ലെന്നും ഇയാൾ ഭാര്യയോട് പറഞ്ഞു.

സ്‌കൂളിൽ നിന്ന് മകനെക്കുറിച്ച് പരാതി ലഭിച്ചതിൽ വിജയ് വിഷമിച്ചു. വീട്ടിലെ വിശാലിൻ്റെ പെരുമാറ്റത്തിലും അഡൾട്ട് സിനിമകളോടുള്ള ആസക്തിയിലും വിജയ് അസന്തുഷ്ടനായിരുന്നു. ജനുവരി 13ന് രാവിലെ വിജയ് മകനെ ബൈക്കിൽ കയറ്റി സോഡിയം നൈട്രേറ്റ് കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു. വിശാൽ അബോധാവസ്ഥയിലായപ്പോൾ വിജയ് മൃതദേഹം വീടിനടുത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. ഈ സംഭവം മുഴുവൻ വിജയ് ഭാര്യയോട് പറഞ്ഞു. തുടർന്ന് വിജയുടെ ഭാര്യ കീർത്തിയാണ് ഭർത്താവിൻ്റെ കുറ്റസമ്മതം പോലീസിനെ അറിയിച്ചത്. ജനുവരി 29 ന് പോലീസ് വിജയിനെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.