റിപ്പബ്ലിക് ദിനാഘോഷം: ബീറ്റിംഗ് ദി റിട്രീറ്റിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഡൽഹിയിൽ ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.

വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാൻഡ് മേളമാണ് നടന്നത്. റിപ്പബ്ലിക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിന് ആണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനം കുറിച്ചത്. വിജയ് ചൗക്കിൽ നടന്ന സംഗീതവിരുന്നിൽ 31 ഈണങ്ങൾ കാഴ്ച്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചു. സായുധസേനകളുടെ നേതൃത്വത്തിൽ വിജയ ഭാരത് എന്ന ഈണം വിജയ് ചൗക്കിൽ മുഴങ്ങി.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനവും നടത്തി. ഇന്ത്യൻ ആർമിയുടെ ബാൻഡ് ‘ഫൗലാദ് കാ ജിഗർ’, ‘അഗ്നിവീർ’, ‘കാർഗിൽ 1999’, ‘തഖത് വതൻ’ തുടങ്ങിയ ഈണങ്ങൾ അവതരിപ്പിച്ചു. ‘കദം കദം ബധയേ ജാ’, ‘ഏ മേരേ വതൻ കെ ലോഗോൻ’, ‘ഡ്രമ്മേഴ്‌സ് കോൾ’ എന്നീ ഗാനങ്ങൾ മാസ്ഡ് ബാൻഡുകളും വായിച്ചു. ‘സാരേ ജഹാം സെ അച്ഛാ’ മുഴങ്ങിയതോടെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് കൊടിയിറങ്ങി.