പരമ്പരാഗത തൊഴിലാളികള്‍ക്കായി 13000 കോടിയുടെ പിഎം വിശ്വകര്‍മ പദ്ധതി; കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി


ന്യൂഡല്‍ഹി: പരമ്പരാഗത-കൈത്തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള കേന്ദ്രപദ്ധതിയായ പിഎം വിശ്വകര്‍മ്മ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. 13000 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. ചൊവ്വാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

”രാജ്യത്തെ 30 ലക്ഷം കരകൗശല തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 13000 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയിലൂടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. മണ്‍പാത്ര നിര്‍മാണം, തയ്യല്‍, ബോട്ട് നിര്‍മാണം തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്,” എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞത്.പദ്ധതിയുടെ മറ്റ് സവിശേഷതകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

”പരമ്പരാഗത തൊഴില്‍ മേഖലയെ ശാക്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് കീഴില്‍ രണ്ട് തരത്തിലുള്ള സ്‌കില്‍ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് 500 രൂപ സ്റ്റൈപെന്‍ഡ് നല്‍കും. ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 15000 രൂപ വരെ നല്‍കും. കുടാതെ ഗുണഭോക്താക്കള്‍ക്ക് 100000 രൂപ വരെ വായ്പ നല്‍കും. 5 ശതമാനം പലിശ മാത്രമെ ഈ തുകയ്ക്ക് ഈടാക്കുകയുള്ളു,” എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇത്തരം സംരംഭങ്ങളെ ഓണ്‍ലൈന്‍ വിപണിയുമായി കൂട്ടിയോജിപ്പിക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ വിശ്വകര്‍മ പദ്ധതിയെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

” ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 ഇടപാടുകള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കും. പരമ്പരാഗത വിഭാഗങ്ങളെ സമ്പദ് വ്യവസ്ഥയുടെ ആധുനിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിന് അനുസൃതമായി രൂപീകരിച്ച പദ്ധതിയാണിത്,” എന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന് സംസ്ഥാനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രപദ്ധതിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.