Independence Day | ഡൽഹിയിൽ 10,000 പോലീസുകാരെ വിന്യസിച്ചു; കശ്മീരിൽ ഇന്റർനെറ്റ് നിരോധനമില്ല|independence-day 2023-over-10-000-cops Deployed – News18 Malayalam
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാജ്യതലസ്ഥാനത്തും രാജ്യത്തെ വിവിധയിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ 1800 വിശിഷ്ടാതിഥികൾ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ അർപ്പണബോധത്തിനും മികച്ച സംഭാവനകളുടെയും പേരിൽ തിരഞ്ഞെടുത്ത 50 അധ്യാപകരെയും ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് വിശിഷ്‌ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഗോവയിൽ നിന്നുള്ള നാല് മത്സ്യത്തൊഴിലാളി ദമ്പതികളെയും ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തീരദേശ പൈതൃകം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ പേരിലാണ് ഇവർക്ക് ക്ഷണം ലഭിച്ചത്. വസന്ത് പെഡ്‌നേക്കർ, ലക്ഷ്മി പെഡ്‌നേക്കർ, ഫ്രാൻസിസ്കോ ഫെർണാണ്ടസ്, രേണുക ഫെർണാണ്ടസ്, സാബി ഫെർണാണ്ടസ്, ഫിലോമിന വെറോണിക്ക ലോറൻകോ, ജസിന്റോ ഗുറൈയോ, കസീൽ ഗുറൈയോ എന്നിവരാണ് ഗോവയിൽ നിന്നും ക്ഷണിക്കപ്പെട്ട നാല് ദമ്പതികൾ .
പതിനായിരത്തിലധികം പോലീസുകാരെയാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. “സ്വാതന്ത്ര്യദിനാഘോഷ ചടങ്ങികളുടെ സുരക്ഷാ ചുമതല വഹിക്കാനാകുന്നതിൽ ഡൽഹി പോലീസ് അഭിമാനിക്കുന്നു. നഗരത്തിലുടനീളം തടസങ്ങളില്ലാതെയുള്ള ആഘോഷങ്ങൾ ഉറപ്പാക്കും. അതിനായി മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്“, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുമൻ നാൽവ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. തീവ്രവാദ ആക്രമണ സാധ്യതകൾ പരിശോധിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഫേഷ്യൽ റക്കഗ്നീഷൻ സംവിധാനം ഏർപ്പെടുത്തിയതായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധയിടങ്ങളിൽ സിസിടിവികളും ആന്റി ഡ്രോൺ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് (എൻഎസ്‌ജി), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) എന്നിവർക്കും സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.
Also read-രാജ്യത്ത് എല്ലാവരും തുല്യ അവകാശങ്ങളും ഉത്തരവാദിത്തവുമുള്ള തുല്യ പൗരന്മാർ; രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം
കശ്മീരിൽ ഇന്റർനെറ്റ് നിരോധനമില്ല, ത്രിതല സുരക്ഷ ശക്തം
സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ ഇന്റർനെറ്റ് നിരോധനം ഉണ്ടാകില്ല. എന്നാൽ, അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാന വേദികളിലും ജമ്മു കശ്മീരിൽ ഉടനീളവും ത്രിതല സുരക്ഷാ സംവിധാനവും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 2005 നും 2021 നും ഇടയിൽ, എല്ലാ പ്രധാന ആഘോഷ ദിനങ്ങളിലും കശ്മീരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അത്തരമൊരു നിരോധനം ഉണ്ടായിട്ടില്ല.
“ഈ സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ വലിയ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. ഇന്റർനെറ്റിനും നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പരേഡിൽ ആളുകളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു “, ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം വൈകിട്ട് 7 മണി മുതൽ ആകാശവാണിയിലും എല്ലാ ദൂരദർശൻ ചാനലുകളിലുമായി ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും സംപ്രേക്ഷണം ചെയ്യുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.