Independence Day | ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷം; ‘പിഎം-കിസാന്‍’ ഗുണഭോക്താക്കള്‍ ഉൾപ്പെടെ 1800ഓളം പേർക്ക് ക്ഷണം


ന്യൂഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പിഎം-കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 1,800 ഓളം വിശിഷ്ടാതിഥികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ വിവിധ ഗ്രാമങ്ങളിലെ സര്‍പഞ്ചുമാര്‍, സെന്‍ട്രല്‍ വിസ്ത പദ്ധതി, ഹര്‍ ഘര്‍ ജല്‍ യോജന പ്രോജക്ടുകള്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1800 ഓളം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

‘ജന്‍ ഭാഗിദാരി’ അനുസൃതമായി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ക്ഷണിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്. വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്.

2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, പൊതുസ്ഥലത്തോ വീടുകളിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം. നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ. 2002 ലെ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ ഖണ്ഡിക 3.44 പ്രകാരം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ കഴിയില്ല. ചില പ്രത്യേക സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്ക് മാത്രമായി കാറുകളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകാവകാശം പരിമിതപ്പെടുത്തിയിരിക്കുന്നു.