കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം

[ad_1]

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അനുവദിച്ചിരുന്ന എംപി ക്വാട്ട പുനഃസ്ഥാപിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവി. നിലവില്‍ അത്തരമൊരു നിര്‍ദേശമില്ല. ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ സാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് പ്രതിരോധം, അര്‍ധസൈനിക ഉദ്യോഗസ്ഥര്‍, കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ്‌യു), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ് (ഐഎച്ച്എല്‍) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്രീയ വിദ്യാലയം പ്രാഥമികമായി ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

എംപിമാരുടെ ക്വാട്ട ഉള്‍പ്പടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ക്ക് കീഴില്‍ പ്രവേശനം നടത്തുന്നത് നിലവിലെ കുട്ടികളുടെ എണ്ണം 40 ആയി നിലനിര്‍ത്തണമെന്ന നിര്‍ദേശത്തിന് മുകളില്‍ പോകും. അത് വിദ്യാര്‍ഥി-അധ്യാപക അനുപാതം താളം തെറ്റുന്നതിനും പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read: വിദ്യാർത്ഥികൾക്ക് മികവ് നേടാൻ മൂന്നു മാസ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുമായി ഐഐടി ഖരഗ്‌പൂർ

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നതിന് നേരത്തെയുണ്ടായിരുന്ന എംപി ക്വാട്ട പോലുള്ള ഒട്ടേറെ അവസരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു. രാജ്യമെമ്പാടുമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 40000 സീറ്റുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇപ്രകാരംചെയ്തത്.

രാജ്യമെമ്പാടുമായി 1200 കേന്ദ്രീയവിദ്യാലയങ്ങളിലായി 14.35 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എം.പി ക്വോട്ടയ്ക്ക് കീഴില്‍ 7880 കുട്ടികള്‍ക്ക് ഇവിടങ്ങളില്‍ മുമ്പ് പ്രവേശനം സാധ്യമാകുമായിരുന്നു. ലോക്‌സഭയിലെ 543 എംപിമാര്‍ക്കും രാജ്യസഭയിലെ 245 എംപിമാര്‍ക്കും കൂടെയാണ് ഇത് അനുവദിച്ചിരുന്നത്.
ഒരു എം.പിയുടെ ശുപാര്‍ശയില്‍ പത്ത് കുട്ടികള്‍ക്ക് വരെ ഇത്തരത്തില്‍ പ്രവേശനം നേടാന്‍ കഴിയുമായിരുന്നു. അതേസമയം, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് 17 വിദ്യാര്‍ഥികളെ വരെ ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നേരത്തെ ഉണ്ടായിരുന്നു.

[ad_2]