അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ നരേന്ദ്ര മോദിക്കെതിരായ വിമർശനം; അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്തു


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്തു. മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ വേളയിൽ അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. ആദ്യമായാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് സഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടുന്നത്.

അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന ദിവസമായ ഇന്നാണ് രഞ്ജൻ ചൗധരിയെ സസ്പെന്റ് ചെയ്തത്. ആരോപണവിധേയമായ പെരുമാറ്റം കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു.

ബംഗാളിൽ നിന്നുള്ള 2 കോൺഗ്രസ് എംപിമാരിൽ ഒരാളാണ് ആധിർ രഞ്ജൻ ചൗധരി. അടുത്തിടെ മണിപ്പൂരിലേക്കുള്ള സംഘത്തിലും അദ്ദേഹം ഭാഗമായിരുന്നു.

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നരേന്ദ്ര മോദിക്കെതിരേയും ബിജെപിക്കെതിരേയും അതിരൂക്ഷ വിമർശനമായിരുന്നു അധീർ രഞ്ജൻ ചൗധരി നടത്തിയത്. രാജാവ് അന്ധനാണെന്ന് പറഞ്ഞായിരുന്നു അധീർ ചൗധരിയുടെ വിമർശനം. ഹസ്തിനപുരത്ത് ദ്രൗപതി വിവസ്ത്രയാക്കപ്പെട്ടപ്പോൾ ധൃതരാഷ്ട്രർ അന്ധനായിരുന്നപോലെ എന്ന് അധീർ ചൗധരി പറഞ്ഞു തുടങ്ങിയതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങി.

താൻ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു അധീർ ചൗധരിയുടെ മറുപടി. ഹസ്തിനപുരം ആണെങ്കിലും മണിപ്പൂരാണെങ്കിലും വ്യത്യാസമൊന്നുമില്ലെന്ന് പറഞ്ഞു. ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി.

രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ലെന്നും പാർലമെന്റിന് ഒരു കുലീനതയുണ്ടെന്നും അമിത്ഷാ പ്രതികരിച്ചു. പിന്നാലെ നീരവ് മോദിയെ പരാമർശിച്ചും അധീർ ചൗധരി പ്രസംഗിച്ചു.