ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ നിന്ന് 1434 കിലോമീറ്റര്‍ ദൂരെ; ഓഗസ്റ്റ് 16ന് 100 കിലോമീറ്റര്‍ അകലെ എത്തും
ബെംഗളൂരു: ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഉപരിതലത്തോട് അടുക്കുകയാണെന്ന് ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചു. ഞായറാഴ്ച ഭ്രമണപഥം ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള മൂന്നാമത്തെ വലിയ ഘട്ടം പിന്നിട്ടിരുന്നു. ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ. ചന്ദ്രയാന്‍-3ന്റെ ഭ്രമണപഥം 1743 X 1437 ആയി കുറഞ്ഞു. ബുധനാഴ്ച നിര്‍ണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30-നും ഇടയിലാണ് അടുത്ത ഓപ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം 14,000 കിലോമീറ്ററില്‍ നിന്ന് 4313 കിലോമീറ്ററായി ഐഎസ്ആര്‍ഒ തിങ്കളാഴ്ച കുറച്ചിരുന്നു. അടുത്തഘട്ട ഓപ്പറേഷന്‍ ഓഗസ്റ്റ് 14-നാണ് നടത്തുക. ഇതിന് ശേഷം ഓഗസ്റ്റ് 16-ന് ചന്ദ്രനും ചന്ദ്രയാന്‍-3 യ്ക്കും ഇടയിലുള്ള അകലം വീണ്ടും കുറയ്ക്കും. ഇതോടെ ചന്ദ്രനും ഉപഗ്രഹവും തമ്മിലുള്ള അകലം 100 കിലോമീറ്ററാകും. ഓഗസ്റ്റ് 17-ന് ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും. ലാന്‍ഡിങ് മൊഡ്യൂള്‍ വേര്‍പെട്ട ശേഷം അതിനെ 30 കിലോമീറ്റര്‍ അകലെയായി ചന്ദ്രനോട് അടുത്തുസ്ഥിതി ചെയ്യുന്ന പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിക്കും. ഇവിടെ നിന്നായിരിക്കും ചന്ദ്രയാന്‍-3യുടെ ലാന്‍ഡിങ് സാധ്യമാകുക.
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ദിശ ഭാരതില്‍ ക്ലാസ് എടുക്കവെ ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുന്നതിന് സ്വീകരിച്ചിട്ടുള്ള വിവിധ നടപടികള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വിവരിച്ചു.
’30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അവസാന ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ ലാന്‍ഡറിന്റെ പ്രവേഗം (Velocity) കുറയ്ക്കുന്ന നടപടിയാണ് ഏറ്റവും നിര്‍ണായകം. 30 കിലോമീറ്റര്‍ ദൂരത്തായിരിക്കുമ്പോള്‍ ഉപഗ്രഹം തിരശ്ചീനമായിരിക്കും. ഇതില്‍ നിന്ന് ലംബമാക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ്. ചന്ദ്രയാന്‍-2-ല്‍ ഈ ഘട്ടത്തിലാണ് പ്രശ്‌നങ്ങൾ നേരിട്ടത്. ഒരുപാട് ഇന്ധനം ഉപയോഗിച്ച് തീര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ദൂരം കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ഇതിന് വേണ്ടി മാത്രമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്തു. പുതിയ അല്‍ഗൊരിതം അവതരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.
എല്ലാ സെന്‍സറുകളും പരാജയപ്പെട്ടാലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സോമനാഥിനെ ഉദ്ധരിച്ച് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് എന്‍ജിനുകൾ പരാജയപ്പെട്ടാലും ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.