മുംബൈ: ഭാര്യയും ഭാര്യയുടെ മാതാവും ചേര്‍ന്ന് ദുര്‍മന്ത്രവാദം നടത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപണവുമായി മുംബൈയിലെ ജ്വല്ലറി വ്യവസായി. കോവിഡ്-19 രോഗവ്യാപനകാലത്ത് ഭാര്യ തന്നെ പട്ടിണിക്കിട്ടുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഭാര്യയും ഭാര്യയുടെ മാതാവും ഒരു മന്ത്രവാദിയും ചേര്‍ന്ന് ചില കര്‍മ്മങ്ങള്‍ നടത്തിയെന്നും അതിനു പിന്നാലെ തന്റെ ശരീരം മുഴുവന്‍ അണുബാധയുണ്ടായെന്നും ജ്വല്ലറി ഉടമ ആരോപിച്ചു. വധശ്രമത്തിന് വ്യാപാരിയുടെ ഭാര്യയ്ക്കും മാതാവിനും മന്ത്രവാദിയ്ക്കുമെതിരെ കേസെടുത്തതായി ആര്‍എകെ മാര്‍ഗ് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആഗസ്റ്റ് 5നാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്.
1989ലാണ് വ്യാപാരിയും ഭാര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുക പതിവായിരുന്നു. വ്യാപാരി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 2018ലാണ് ഭാര്യയും ഭാര്യയുടെ മാതാവും തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നു എന്ന കാര്യം വ്യാപാരി അറിഞ്ഞത്. വ്യാപാരിയുടെ അനിയത്തിയാണ് ഇക്കാര്യം ഇദ്ദേഹത്തെ അറിയിച്ചത്. ഭാര്യയും മാതാവും പിന്നെ മറ്റൊരാളും ചേര്‍ന്ന് ഇദ്ദേഹത്തെ കൊല്ലാനുള്ള പദ്ധതികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഓഡിയോ അനിയത്തി ഇദ്ദേഹത്തിന് അയച്ചിരുന്നു. അതിന് ശേഷം താന്‍ സ്വന്തമായി ഉണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത് എന്നും വ്യാപാരി പറഞ്ഞു.
Also read- കാമുകിയുടെ വീട്ടില്‍ രാത്രി പിസയുമായി എത്തിയ യുവാവ് അച്ഛനെ കണ്ട് നാലുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മരിച്ചു
ചില ദിവസങ്ങളില്‍ പാചകം ചെയ്യാന്‍ ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നും അന്ന് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം വാങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ദാദറിലെ ഒരു ഫ്‌ളാറ്റിലേക്ക് ഇദ്ദേഹം മാറി. എന്നാല്‍ 2019 ആയപ്പോഴേക്കും തന്റെ ശരീരത്തില്‍ അണുബാധയുണ്ടാകാന്‍ തുടങ്ങിയെന്ന് ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ താന്‍ ചികിത്സ നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” പെട്ടെന്നാണ് എനിക്ക് രോഗം ബാധിച്ചത്. ആന്റിബയോട്ടിക്ക് കഴിച്ച് ഒരുവിധം രോഗമുക്തി നേടിയിരുന്നു. എന്നാല്‍ മരുന്ന് കഴിഞ്ഞപ്പോള്‍ അണുബാധ വീണ്ടും വന്നു. എന്റെ ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ അളവ് കൂടിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മൂന്ന് നാല് ഡോക്ടമാരെ കണ്ടു. അവരെല്ലാം ഇതുതന്നെയാണ് പറഞ്ഞത്,” അദ്ദേഹം നല്‍കിയ മൊഴിയില്‍ പറഞ്ഞു. അതിനിടെ 2022 ഡിസംബര്‍ എട്ടിന് ബാങ്കിലെ ലോക്കറിന്റെ വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ദമ്പതികളുടെ പേരിലുള്ള ലോക്കര്‍ ഒഴിയണമെന്നാവാശ്യപ്പെട്ട് ബാങ്കുദ്യോഗസ്ഥര്‍ വ്യാപാരിയെ വിളിച്ചിരുന്നു. ഉടനെ തന്നെ ലോക്കര്‍ പരിശോധിക്കാനായി വ്യാപാരി ബാങ്കിലെത്തി. തന്റെ മകളുടെ വിവാഹത്തിനായി ഇദ്ദേഹം സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും ലോക്കറില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.