കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി 2024 മാർച്ചോടെ പൂർത്തിയാകും: ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ


ഈ സാമ്പത്തിക വര്‍ഷമവസാനത്തോടെ കശ്മീരിനേയും കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന റെയില്‍വേ പാത സ്ഥാപിക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബുദ്ഗാം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സിന്‍ഹ. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനായുള്ള പദ്ധതികളും ഉദ്ഘാടന വേളയില്‍ മോദി പ്രഖ്യാപിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.

അതേസമയം ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് സ്റ്റേഷനുകള്‍ പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രിയോട് സിന്‍ഹ നന്ദി പറഞ്ഞു. ജമ്മുതാവി, ഉദ്ദംപൂര്‍, ബുദ്ഗാം എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്.

റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം ജനങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുമെന്നും സിന്‍ഹ പറഞ്ഞു.

” ഒരു സമൂഹത്തിന്റെ ജീവരേഖയാണ് റെയില്‍പാതകള്‍. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല ഒരു റെയില്‍വെ ലൈനിന്റെ ദൗത്യം. പ്രദേശത്ത് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും ഇവ സഹായിക്കും,” സിന്‍ഹ പറഞ്ഞു.

അഭിമാനകരമായ നിരവധി റെയില്‍ പദ്ധതികള്‍ക്കാണ് കശ്മീര്‍ താഴ്‌വര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കും. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഈ റെയില്‍വേ ലൈനിലൂടെ സാധിക്കുമെന്നും” സിന്‍ഹ പറഞ്ഞു.

കശ്മീരില്‍ അഞ്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാരാമുള്ള-ബനിഹാല്‍ ലൈന്‍, ന്യൂ ബാരാമുള്ള-ഉറി, അവന്തിപോറ-ഷോപിയാന്‍, സോപോര്‍-കുപ്വാര, അനന്ത്‌നാഗ്-ബിജ്‌ബെഹറ-പഹല്‍ഗാം എന്നീ റെയില്‍വേ ലൈനുകളുടെ പാത ഇരട്ടിപ്പിക്കലിനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.