ന്യൂഡല്‍ഹി: അടിപിടി കേസില്‍ ബിജെപി എംപി രാം ശങ്കര്‍ കതേരിയക്ക് രണ്ട് വര്‍ഷം തടവ്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്‍റെ എംപി സ്ഥാനം നഷ്ടമായേക്കും. 2011 ലെ കേസിലാണ് കതേരിയയെ ആഗ്ര കോടതി ശിക്ഷിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള എം.പിയായ കതാരിയയെ ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.
ടോറന്റ് പവര്‍ എന്ന വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി കതേരിയയ്ക്ക് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുള്ള ലോക്സഭാ അംഗമാണ് കതേരിയ. ശിക്ഷയെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യത കൂടി.
ജനപ്രാതിനിധ്യ നിയമം- 1951 പ്രകാരം, രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. രാഹുല്‍ ഗാന്ധിയും അയോഗ്യനാക്കപ്പെട്ടത് ഈ നിയമത്തെ തുടര്‍ന്നായിരുന്നു.
2011 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ നിയമപരമായ വഴികള്‍ തേടുമെന്ന് എം.പി പ്രതികരിച്ചു. കേസില്‍ ഉടൻ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും, എന്നാൽ കേസിൽ അപ്പീൽ നൽകാൻ തനിക്ക് അവകാശമുണ്ടെന്നും കതരിയ മാധ്യമങ്ങളോട് പറഞ്ഞു.