ബെംഗളൂരു മെട്രോ തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് നീട്ടാൻ സാധ്യതാ പഠനം; ദക്ഷിണേന്ത്യയിലെ ആദ്യ അന്തർ സംസ്ഥാന മെട്രോയാകുമോ?


ബെംഗളൂരു മെട്രോ തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ടെന്‍ഡര്‍ ക്ഷണിച്ചു. ഇത് സാധ്യമാകുമെങ്കില്‍ ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ മെട്രോ റെയില്‍ സംവിധാനമായിരിക്കുമിത്. ഓഗസ്റ്റ് ഒന്നിനാണ് ഇതുസംബന്ധിച്ച ടെന്‍ഡര്‍ സിഎംആര്‍എല്‍ ക്ഷണിച്ചിരിക്കുന്നത്. 2023 സെപ്റ്റംബര്‍ ഒന്നിന് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും. ബെംഗളൂരുവിലെ ഇലക്ട്രോണിക്‌സ് സിറ്റിയ്ക്കു സമീപം ബൊമ്മസാന്ദ്രയയെ ഹൊസൂറുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയ്ക്കുള്ള സാധ്യതാ പഠനമാണ് നടത്തുന്നത്.

ബൊമ്മസാന്ദ്രയെയും തെക്കന്‍ ബെംഗളൂരുവിലെ ആര്‍വി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരൂ മെട്രോയുടെ യെല്ലോ ലൈന്‍ 2023 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

നിലവില്‍ പരിഗണനയിലുള്ള ബൊമ്മസാന്ദ്ര – ഹൊസൂര്‍ മെട്രോ ഇടനാഴിക്ക് 20.5 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. ഇതില്‍ 11.7 കിലോമീറ്റര്‍ കര്‍ണാടകയിലും ശേഷിക്കുന്ന 8.8 കിലോമീറ്റര്‍ തമിഴ്‌നാട്ടിലുമാണ് ഉള്ളത്.

തമിഴ്‌നാട്ടിലെ വ്യാവസായിക ഹബ്ബാണ് ഹൊസൂര്‍. അശോക് ലെയ്ലാൻഡ്, ടൈറ്റന്‍, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2000ല്‍ പരം ചെറുകിട, ഇടത്തരം സംരംഭങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും കൃഷ്ണഗിരി എംപിയുമായ ചെല്ലകകുമാര്‍ ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏത് തരം ട്രെയിനുകൾ വേണം. എത്രയാളുകള്‍ യാത്ര ചെയ്യാനുണ്ടാകും, അലൈന്‍മെന്റ്, സ്റ്റേഷനുകള്‍ എവിടെ സ്ഥാപിക്കും, നിര്‍മാണച്ചെലവ് എന്നിവയെക്കുറിച്ചാണ് സാധ്യതാ പഠനം നടത്തുന്നത്.

നിലവില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ജോലിക്കായി കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ യാത്ര ചെയ്യുന്നുണ്ട്. തിരക്കേറിയ ബസുകളിലാണ് ഭൂരിഭാഗം പേരുടെയും യാത്ര. ബെംഗളൂരുവിനെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സബര്‍ബന്‍ റെയില്‍ മെട്രോ റെയിലിനേക്കാള്‍ പ്രായോഗികമാണെന്ന് പല വിദഗ്ധരും വാദിക്കുന്നുണ്ട്. മെട്രോ പ്രാഥമികമായി നഗരത്തിനുള്ളിലെ യാത്രക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കനക ഇടനാഴിയിലെ ബെംഗളൂരു സബ് അര്‍ബന്‍ റെയിലിന്റെ സിവില്‍ ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ആടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. ഈ ഇടനാഴി ഹീലാലിജില്‍ നിന്ന് ഹൊസൂര്‍ വരെ നീട്ടാനും പദ്ധതിയുണ്ട്. ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിന് സാധ്യതാ പഠനം നടത്താനുള്ള തമിഴ്‌നാടിന്റെ പ്രമേയത്തിന് 2022 മേയില്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് കേന്ദ്ര ഭവന, നഗരകാര്യമന്ത്രാലയവും അനുമതി നല്‍കിയിരുന്നു. സാധ്യതാപഠനം നടത്തുന്നതിന് 75 ലക്ഷം രൂപ ഈ വര്‍ഷം ഫെബ്രുവരിയില്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതി ചെലവ് പങ്കിടുന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. സാധ്യതാ പഠനം നടത്തുന്നതിനുള്ള ചെലവ് തമിഴ്‌നാടിനോട് വഹിക്കാന്‍ കര്‍ണാടക ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരു സബ്അര്‍ബന്‍ റെയില്‍ പദ്ധതിക്ക് (ബിഎസ്ആര്‍പി) നേതൃത്വം നല്‍കുന്നത് കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനിയാണ് (കെ-റൈഡ്). ബെംഗളൂരുവിന് സമീപമുള്ള വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനോട് അനുമതി തേടിയിട്ടുണ്ട്.