രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ച ധീര നേതാക്കളെ ആദരിക്കും, ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം


രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ സ്വാതന്ത്ര്യസമര സേനാനികളെയും, ധീര നേതാക്കളെയും ആദരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ധീരർക്കുള്ള ആദരസൂചകം എന്ന നിലയിൽ രാജവ്യാപകമായി പ്രത്യേക പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘മേരാ മിട്ടി മേരാ ദേശ്’ എന്ന പേരിലാണ് യജ്ഞം സംഘടിപ്പിക്കുക. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന യജ്ഞം ഓഗസ്റ്റ് 30-ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ശിലാഫലകങ്ങൾ സ്ഥാപിക്കുന്നതാണ്.

ഗ്രാമങ്ങളിലും, ബ്ലോക്ക്തലത്തിലും, സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സമാപന ചടങ്ങ് സംഘടിപ്പിക്കും. അതേസമയം, ആസാദി കാ അമൃത് മഹോത്സവിന്റെ സമാപനം കുറിക്കുന്നത് കൂടിയാണ് മേരാ മിട്ടി മേരാ ദേശ് യജ്ഞം. 2021 മാർച്ച് 12- നാണ് ആസാദി കാ അമൃത് മഹോത്സവ് ആരംഭിച്ചത്.