ആലുവ കൊലപാതകം: കുട്ടിയുടെ കുടുംബത്തിന് ഇന്ന് തന്നെ സർക്കാർ 10 ലക്ഷം ധനസഹായം കൈമാറും


കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിനുള്ള ധനസഹായം സർക്കാർ ഇന്ന് കൈമാറും. മൂന്ന് മന്ത്രിമാ‍ർ ചേർന്നാണ് തുക കൈമാറുന്നത്. 10 ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ നൽകുന്നത്.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവ‍ർ ചേർന്നാണ് തുക കൈമാറുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രിമാർ കുട്ടിയുടെ വീട്ടിലെത്തിയായിരിക്കും ധനസഹായം നൽകുക.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാ‍ർ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകൾ കൊല്ലപ്പെട്ടത്. ആലുവയിലെ മുക്കത്തു പ്ളാസ കെട്ടിട സമുച്ചയത്തിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ വീടിന് മുകളിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ അസ്ഫാക്ക് ആലം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.