മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ വീട്ടുകാർ, ചാർജറിന്റെ കേബിൾ വായിലിട്ട് കുഞ്ഞ്; ഷോക്കേറ്റ് ദാരുണാന്ത്യം


മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യ(എട്ട് മാസം)യാണ് മരിച്ചത്. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു. മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലായിരുന്നു വീട്ടിലുണ്ടായിരുന്നവർ.

ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ (ഹെസ്‌കോം) കരാര്‍ജീവനക്കാരനാണ് പിതാവ് സന്തോഷ്. മകള്‍ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാന്നിധ്യ. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കാര്‍വാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.