സാമ്പത്തിക സ്വാശ്രയത്വം, ഓപ്പൺ മാർക്കറ്റ്, ഭാരതീയ മൂല്യങ്ങൾ; സിവിൽ സർവീസുകാർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം
സിവിൽ സർവീസുകാർക്കായി ആവിഷ്കരിച്ച മിഷൻ കർമയോഗി (Karmayogi) പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങൾ പുറത്തിറക്കി. സാമ്പത്തിക സ്വാശ്രയത്വം, ഓപ്പൺ മാർക്കറ്റ്, ഭാരതീയ മൂല്യങ്ങൾ, ഇന്ത്യയുടെ സംസ്കാരം, വൈവിധ്യം എന്നിവയെല്ലാം പരിശീലന പരിപാടിയുടെ ഭാഗമാക്കണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴില്‍ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ പരിശീലനമായാണ് ‘കര്‍മയോഗി’ പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭ അനുമതി നൽകിയത്. ഭാവിയിലേക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പികയും അത് വഴി അവരുടെ പ്രവർത്തനമികവ് വര്‍ദ്ധിപ്പിക്കുകയുമാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള എച്ചആര്‍ കൗണ്‍സിലിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.
2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിവിൽ സർവീസ് പരിശീലനത്തിനും പരിശീലന സ്ഥാപനങ്ങൾക്കുമുള്ള 15 പേജുള്ള മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും സ്വാശ്രയത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്. ഫണ്ടിംഗിനായി സർക്കാരിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ ആശ്രയിക്കാതെ സ്വാശ്രയത്വത്തിൽ ഊന്നിയ പദ്ധതികൾ ആവിഷ്കരിക്കണം എന്നും ഈ നിർദേശങ്ങളിൽ പറയുന്നു.കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും പരിശീലനം നൽകുന്നതിനാവശ്യമായ മാർക്കറ്റ് ഇന്റർഫേസ് സൃഷ്ടിക്കാനും സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശീലനത്തിലുണ്ടാകേണ്ട ഉള്ളടക്കത്തെക്കുറിച്ചും മാർഗനിർദ്ദേശങ്ങളിൽ പ്രത്യേകം പറയുന്നുണ്ട്.
Also read-മരുന്നുകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാൻ ക്യൂആര്‍ കോഡ്; ഉടൻ നടപ്പിലാക്കും
“വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവയുമായി സഹകരിച്ച് ഒരു മാർക്കറ്റ് ഇന്റർഫേസ് വികസിപ്പിക്കുക, കേന്ദ്രസർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും സഹകരിച്ച് സിവിൽ സർവീസുകാർക്കും മറ്റ് സ്ഥാപനങ്ങൾക്കും പരിശീലന പരിപാടികളും കോഴ്‌സുകളും വാഗ്ദാനം ചെയ്യുക,” എന്നും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. ഉയർന്ന നിലവാരമുള്ള പരിശീലന പരിപാടികളും അധ്യാപന രീതികളും വികസിപ്പിക്കുന്നതിന് സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ പ്രാപ്തമാകണം എന്നും പുതിയ നിർദേശങ്ങളിൽ സർക്കാർ വ്യക്തമാക്കി. ഇതിനായി സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾക്ക് കപ്പാസിറ്റ് ബിൽഡിങ്ങ് കമ്മീഷന്റെ (Capacity Building Commission (CBC) ശുപാർശകളും പരിഗണിക്കണമെന്നും സർക്കാർ അറിയിച്ചു. കേന്ദ്രസർക്കാരും കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷനും പുറത്തിറക്കുന്ന മാര്‍ഗ നിർദേശങ്ങളും ചട്ടങ്ങളും ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം ഗുണനിലവാര പരിശോധനകള്‍ നടത്തും.
സിബിസിയുടെ മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായി സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു. ആഗോളതലത്തിലും ആഭ്യന്തര തലത്തിലുമുള്ള പങ്കാളികളുമായി സഹകരിച്ച് പരിശീലന പരിപാടികൾ വികസിപ്പിക്കാനും കേന്ദ്രസർക്കാർ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരിശീല പരിപാടികൾ ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ ഉള്ളതാകാം. സ്റ്റഡി ടൂറുകൾ, ടീം ബിൽഡിംഗ് പ്രോഗ്രാമുകൾ, എക്‌സ്‌പോഷർ വിസിറ്റുകൾ, പ്രോജക്‌റ്റുകളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള പരിശീലനം എന്നിവയെല്ലാം പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.