ജമ്മു എയർപോർട്ട് വിപുലീകരിക്കാനൊരുങ്ങുന്നു; 523 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം


ജമ്മു വിമാനത്താവളം നവീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. മൊത്തം 523 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാൻ ആലോചിക്കുന്നത്. പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഒരു പുതിയ സിവിൽ എൻക്ലേവും ടെർമിനൽ കെട്ടിടവും നിർമിക്കാനും ആലോചിക്കുന്നുണ്ട്. നിലവിലെ ശേഷിയുടെ നാലിരട്ടിയാകുമിത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ കരാർ ക്ഷണിച്ചിട്ടുണ്ട്.

നിലവിലുള്ള ടെർമിനൽ ബിൽഡിംഗിലെ ഡിപ്പാർച്ചർ, അറൈവൽ ലെവലുകളെ ബന്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളോടുകൂടിയ ഒരു പുതിയ ലോകോത്തര ടെർമിനൽ കെട്ടിടവും എലവേറ്റഡ് റോഡും നിർമിക്കും. ഈ ടെർമിനൽ ബിൽഡിംഗിൽ ജമ്മു കശ്മീരിന്റെ കലയും സംസ്‌കാരവുമെല്ലാം പ്രദർശിപ്പിക്കും. യാത്രക്കാർക്ക് നവീനമായ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാകും ഇത് നിർമിക്കുക. പുതിയ ടെർമിനൽ കെട്ടിടത്തിന്റെ രൂപകൽപനയിൽ ജമ്മുവിലെ തനതായ സിഗ്നേച്ചർ ഡോഗ്ര ശൈലിയിലുള്ള വാസ്തുവിദ്യയും ഉപയോഗപ്പെടുത്തും.

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ജമ്മു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കർശനമായ സുരക്ഷാ സംവിധാനമാണ് ഇവിടെയുള്ളത്. വിമാനത്താവളം 57,000 ചതുരശ്ര മീറ്റർ വിപുലീകരിക്കാനാണ് പദ്ധതി.

നിലവിൽ പ്രതിദിനം 48 ഓപ്പറേഷനുകളാണ് (24 ലാൻഡിംഗുകളും 24 ടേക്ക് ഓഫുകളും) ഈ വിമാനത്താവളത്തിൽ നടക്കുന്നത്. ഇപ്പോൾ പ്രതിവർഷം 1.2 ദശലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. 2020-21 കാലയളവിൽ ജമ്മു വിമാനത്താവളത്തിന്റെ സേവനം ഉപയോ​ഗപ്പെടുത്തിയ മൊത്തം യാത്രക്കാരുടെ എണ്ണം 1.2 ദശലക്ഷം ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധവ് ഉണ്ടായി.

കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരും ജമ്മു വിമാനത്താവളം ഉപയോ​ഗപ്പെടുത്തുന്നുണ്ട്. ഇതു കൂടാതെ കശ്മീർ, ദോഡ, ലഡാക്ക് എന്നിവിടങ്ങളിലേക്കുള്ള എല്ലാ റൂട്ടുകളും ജമ്മു നഗരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയായ ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു.