മുംബൈയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനങ്ങള്‍ ഇറങ്ങിയത് സൂറത്തില്‍!

മുംബൈയിലേക്കുള്ള രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങള്‍ ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ശ്രീനഗറില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള വിമാനങ്ങളാണ് ചൊവ്വാഴ്ച സൂറത്തിലിറങ്ങിയത്. വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് സൂറത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ രൂപേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. രണ്ട് വിമാനങ്ങളും പിന്നീട് സൂറത്തില്‍ നിന്ന് പുറപ്പെട്ടു.

പാപ്പരത്തത്തിനായി വിമാനക്കമ്പനി ഫയല്‍ ചെയ്ത അതേ ദിവസമാണ് സംഭവം. കടുത്ത ഫണ്ട് പ്രതിസന്ധി നേരിടുന്നതിനാല്‍ ഗോ ഫസ്റ്റ് ഫ്ളൈറ്റുകള്‍ മെയ് 3, 4, 5 തീയതികളില്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ലൈന്‍സ് സിഇഒ കൗശിക് ഖോന അറിയിച്ചിരുന്നു. സംഭവവികാസങ്ങളെക്കുറിച്ച് എയര്‍ലൈന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ വ്യോമയാന നിയന്ത്രണ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.