കർണാടകയിൽ BJP പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കർണാടക തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ബിജെപി അധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിലാകും പ്രകടന പത്രിക പുറത്തിറക്കുന്നത്. യുവാക്കൾക്കുള്ള ക്ഷേമ നടപടികൾ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയിൽ പാർട്ടി പ്രകടനപത്രിക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. കർണ്ണാടകയിൽ ബിദറിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ് തന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം പൊതുജനം ശിക്ഷിച്ചുവെന്നും അവരെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കേവലം ജയിക്കാൻ വേണ്ടിയുള്ളത് മാത്രമല്ല. കർണ്ണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനുള്ളതാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസനം സാധ്യമാകൂ. ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ പങ്ക് നിർണ്ണയിക്കും, അതിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ, ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്തിന് വളരെ പ്രധാനമാണെന്നും മോദി പറഞ്ഞു.