പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി AAP

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഡൽഹി ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ആം ആദ്‌മി പാർട്ടി (എഎപി) രംഗത്ത്. ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിച്ചിരുന്നു. എഎപിയുടെ മുതിർന്ന നേതാവും ദേശീയ വക്താവുമായ റീന ഗുപ്‌ത ചൊവ്വാഴ്‌ച ജന്തർമന്തറിലെത്തി സമരക്കാരെ കാണുകയും പാർട്ടിയുടെ പിന്തുണ അവർക്ക് ഉറപ്പ് നൽകുകയും ചെയ്‌തു.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഗുസ്‌തി താരങ്ങൾ ഒത്തുകൂടുന്നത്. അതേസമയം, മേൽനോട്ട സമിതി റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്ന് അറിയില്ലെന്ന് സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ കള്ളം പറഞ്ഞതായാണ് ആളുകൾ കരുതുന്നത്. “മേൽനോട്ട സമിതിയിൽ നിന്നുള്ള ആരെയും ഞങ്ങൾ വിശ്വസിക്കുന്നില്ല,” അവർ കൂട്ടിച്ചേർത്തു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് റീന ഗുപ്‌ത ചൊവ്വാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. ഒന്നിലധികം പരാതികൾ നൽകിയിട്ടും പെൺകുട്ടികൾക്ക് സങ്കൽപ്പിക്കാനാവാത്ത ദ്രോഹമുണ്ടാക്കിയ ബിജെപിയിൽ നിന്നുള്ള ഒരു ഹീനനായ വ്യക്തിക്കെതിരെ എഫ്‌ഐആർ പോലും രജിസ്‌റ്റർ ചെയ്യാത്തതിൽ ഒരു രാഷ്ട്രമെന്ന നിലയിൽ നാം ഞെട്ടണം. പകരം ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ഈ ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് നാം കാണുന്നു. എന്നിട്ടും, ഭരിക്കുന്ന ബിജെപിയിൽ നിന്ന് നമ്മൾ എന്താണ് കാണുന്നത്? ബിജെപി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്.

ഇതേക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്താണെന്നും, ഇത് മറച്ചുവെച്ച് കൊണ്ട് ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും റീന ഗുപ്‌ത പറഞ്ഞു. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതി പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാരിനെതിരെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്നത് അന്യായമാണ്” അവർ പറഞ്ഞു.

പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളോട് എഎപി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അവർ പറഞ്ഞു. “വനിതാ ഗുസ്‌തി താരങ്ങൾ തന്റെ കുടുംബത്തെപ്പോലെയാണെന്ന് പ്രധാനമന്ത്രിക്ക് വീമ്പിളക്കുമെങ്കിലും, ഇന്ന് രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പിക് മെഡൽ ജേതാക്കൾ തുറന്ന ആകാശത്തിന് കീഴിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു എന്നതാണ് യാഥാർത്ഥ്യം. ലോകത്തെ മറ്റൊരു രാജ്യത്തും ഒളിമ്പിക് മെഡൽ ജേതാക്കൾ പ്രതിഷേധിക്കാൻ നിർബന്ധിതരായിട്ടില്ല. നിസ്സഹായരായ സ്വന്തം അമ്മയെയും ഭാര്യയെയും ഉപേക്ഷിച്ച ഒരു പുരുഷൻ വനിതാ ഗുസ്തിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നത് നിരർത്ഥകമാണ്, നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്‌തി താരങ്ങൾക്ക് ഞങ്ങൾ പിന്തുണ നൽകി, കുറ്റക്കാരനായ ബിജെപി എംപിക്കെതിരെ നീതി നടപ്പാക്കും വരെ ഞങ്ങൾ വിശ്രമിക്കില്ല” അവർ പറഞ്ഞു.

“ഞങ്ങൾ ഗുസ്‌തി താരങ്ങൾക്കും നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് നീതിയും സമത്വവും ആവശ്യപ്പെടുന്ന എല്ലാവർക്കും ഒപ്പം നിൽക്കുന്നു” എഎപി നേതാവ് പറഞ്ഞു.