തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി തങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണാടകയിലെ ഒരു കോടി ജനങ്ങള്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പദ്ധതികളും സംരംഭങ്ങളും സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്തു. സമൂഹത്തിന്റെ ഐക്യത്തിലും എല്ലാവരുടെയും ക്ഷേമത്തിലും വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയെ ഒരു സംസ്ഥാനം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരം ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് ബിജെപിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ ഇന്ത്യ ടുഡേയുടെ ‘കര്‍ണാടക റൗണ്ട് ടേബിള്‍ 2023’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം സംവരണത്തെക്കുറിച്ച് പറഞ്ഞത്
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നിയമവിരുദ്ധമായി നിലനിര്‍ത്തിയെന്ന് അമിത് ഷാ പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നില്ല. അതിനാല്‍, കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഈ രീതി അവസാനിപ്പിച്ച് ഒബിസി സംവരണത്തിനായി പ്രവര്‍ത്തിച്ചു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ച് ഭരണഘടനയെ ക്രമത്തിലാക്കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ 75 വര്‍ഷമായി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളായി വിഭജിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായി. ഞങ്ങള്‍ 5 ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുകയും 47 ലക്ഷം വീടുകളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കുകയും ചെയ്തു’, ആഭ്യന്തരമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലും പശ്ചിമ ബംഗാളിലെയും പോലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ എത്തുന്നില്ല. സാധാരണക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 ശതമാനം കമ്മീഷനെന്ന ആരോപണം
40 ശതമാനം കമ്മീഷന്‍ ആരോപണങ്ങളെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. ‘സത്യമില്ലാത്തതിനാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയില്ല. എഫ്ഐആറുകളും പരാതികളും ഫയല്‍ ചെയ്തിട്ടുണ്ട്. അഴിമതിയുടെ കുറ്റം ഞങ്ങളുടെ മേല്‍ ചാര്‍ത്താനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമമായിരുന്നു അത്,’ അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മോഡല്‍ കര്‍ണാടകയില്‍?
ഗുജറാത്ത് മോഡല്‍ കര്‍ണാടകയില്‍ നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മാറ്റത്തിന്റെയും വികസനത്തിന്റെയും മാതൃകയിലാണ് ബിജെപി വിശ്വസിക്കുന്നതെന്ന് പറഞ്ഞു. ‘ചില മാറ്റങ്ങള്‍ തലമുറയെ അടിസ്ഥാനമാക്കിയുള്ളതാണ്, മറ്റുള്ളവ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ മാറ്റങ്ങള്‍ കുറവാണ്,’ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.